പുൽക്കൂടിൻ്റെ കഥ

 



ക്രിസ്തുവിന്‍റെ ജനനത്തിന്‍റെ ഏറ്റവും പഴയ ചിത്രീകരണം എന്നത് ഏതാണ്ട് നാലാം നൂറ്റാണ്ടിലേതെന്നു പറയപ്പെടുന്ന റോമിലെ വി. സെബസ്ത്യാനോസിന്‍റെ നാമത്തിലുള്ള കാറ്റക്കൊമ്പിലെ ചുവര്‍ചിത്രമാണ്. എന്നാല്‍, ക്രിസ്മസ് പുല്‍ക്കൂടിന്‍റെ അല്ലെങ്കില്‍ ക്രിബിന്‍റെ ചരിത്രം ആരംഭിക്കുന്നത് ഏതാണ്ട് 800 ഓളം വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ‘എന്നെ അങ്ങേ സമാധാനത്തിന്‍റെ ഉപകരണമാക്കണമേ’ എന്നു പ്രാര്‍ഥിച്ച വി. ഫ്രാന്‍സീസ് അസ്സീസ്സിയാണ് സമാധാനരാജാവായി പിറന്ന യേശുവിന്‍റെ ഓര്‍മയില്‍ ആദ്യത്തെ ക്രിബ് നിര്‍മിച്ചത് എന്നു ചരിത്രം സാക്ഷിക്കുന്നു. ഈ പുല്‍ക്കൂട് 1293-ലെ ക്രിസ്മസ്സിന്‍റെ തലേന്ന് അസ്സീസ്സിയ്ക്കടുത്തുള്ള ഗ്രേച്ചോയിലാണ് നിര്‍മിക്കപ്പെട്ടത്.  അതിന്‍റെ നിര്‍മാണത്തിനു പിന്നിലെ കഥയിങ്ങനെയാണ്.


ഫ്രാന്‍സീസിന്‍റെ സ്നേഹിതനായി അസ്സീസ്സി പട്ടണത്തില്‍ ജോവാന്നി എന്നൊരാള്‍ ഉണ്ട‌ായിരുന്നു. ലോകത്തിന്‍റെ വഴിവിട്ട് ആത്മീയയാത്ര ആരംഭിച്ചിരുന്ന അദ്ദേഹത്തെ വിശുദ്ധന്‍ സ്നേഹിച്ചിരുന്നു. ഫ്രാന്‍സീസിന്‍റെ കാലഘട്ടം, അതായത് പതിമൂന്നാം നൂറ്റാണ്ടിലെ ക്രിസ്മസ് ആഘോഷം സമ്മാനദാനങ്ങളുടെ കൈമാറലും മറ്റും നടത്തി, വിരുന്നുണ്ണുന്ന തികച്ചും ഭൗതികമായ രീതിയിലുള്ള ഒന്നായിരുന്നു.  ഇതില്‍നിന്നു ഭിന്നമായി തികച്ചും ആത്മീയമായി, ക്രിസ്തുവിന്‍റെ ശൂന്യവത്ക്കരണത്തെ യഥാതഥം അവതരിപ്പിച്ചുകൊണ്ട് ഫ്രാന്‍സീസ് ക്രിസ്തുമസ്സിനു രണ്ടാഴ്ചമുമ്പ് തന്‍റെ സ്നഹിതനായ ജൊവാന്നിയെ സന്ദര്‍ശിച്ച്, നാമൊന്നിച്ച് ഇക്കൊല്ലം ക്രിസ്മസ് ആഘോഷിക്കുന്നതിനാഗ്രഹിക്കുന്നെങ്കില്‍ദയവായി വേഗം ഞാന്‍ പറയുന്ന വിധത്തില്‍ ഒരുക്കങ്ങള്‍ ചെയ്യുക എന്നപേക്ഷിച്ചു. 


ബെതലേഹമില്‍ പിറന്ന ശിശുവിന്‍റെ ഓര്‍മ ആചരിക്കുന്നതിന് കഴുതയുടെയും കാളയുടെയും മധ്യേ പുല്‍ക്കൂട്ടില്‍ ശയിക്കുന്ന ഒരു ശിശുവിനെ ഒരുക്കണം.  ഇതെന്‍റെ കണ്ണുകള്‍കൊണ്ട് കാണാന്‍ കഴിയണം.  നല്ലവനും വിശ്വസ്തനുമായ ആ മനുഷ്യന്‍ വിശുദ്ധന്‍ പറഞ്ഞതുപോലെ എല്ലാം ഒരുക്കി. എന്നാല്‍ ശിശുമാത്രം ഇല്ലായിരുന്നു.ഫ്രാന്‍സീസിന്‍റെ സഹോദരന്മാരും ഒപ്പം അയല്‍വാസികളും ഫ്രാന്‍സീസിനോടൊപ്പം കൂടി.  അവര്‍ മെഴുതിരികളും മറ്റും കൊണ്ടുവന്ന് രാത്രിയെ പ്രകാശമാനമാക്കി. പുല്‍ക്കൂടി സജ്ജമായിരുന്നു.

വയ്ക്കോലു നിരത്തിയിരുന്നു.  കഴുതയും കാളയും ഉണ്ടായിരുന്നു.  ജനക്കൂട്ടം ആനന്ദത്തോടെ പുല്‍ക്കൂടിനു ചുറ്റുംനിന്ന് ആഘോഷിച്ചു.  ഫ്രാന്‍സീസ് സുവിശേഷം വായിച്ച് അതിന്‍റെ സന്ദേശവും നല്കി.  അതിനുശേഷം ഫ്രാന്‍സീസ് പുല്‍ക്കൂട്ടിനരികെ ചെന്ന് കൈകള്‍ വിരിച്ചു ഭക്തിയോടെ നിന്നു, ദിവ്യശിശു അവിടെ ശയിക്കുന്നു എന്ന മട്ടില്‍.  അദ്ദേഹത്തിന്‍റെ തീക്ഷ്ണമായ ഭക്തിയില്‍ ഉണ്ണിയേശു ആ പുല്‍ത്തൊട്ടിയില്‍ നവജാതരാജാവ് എന്നപോലെ പ്രഭയില്‍കുളിച്ച് അവതരിച്ചു എന്നു പറയപ്പെടുന്നു.ദൈവത്തിന്‍റെ ഈ മനുഷ്യന്‍, രണ്ടാം ക്രിസ്തു എന്നു വിളിക്കപ്പെടുന്ന ഈ വിശുദ്ധന്‍,  ആദ്യത്തെ പുല്‍ക്കൂടിനരികെ നിലകൊണ്ടതിനെക്കുറിച്ച്, അദ്ദേഹത്തിന്‍റെ അനുയായിയും സമകാലീനനുമായിരുന്ന വി. ബൊനെവഞ്ചെര്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്.  ദൈവത്തിന്‍റെ ഈ മനുഷ്യന്‍, ഉണ്ണിയീശോയോടുള്ള നിറഞ്ഞ ഭയഭക്തിയോടെ, കണ്ണീരില്‍ കുളിച്ച്, എന്നാല്‍ ആനന്ദത്തിന്‍റെ കിരണങ്ങള്‍ വീശിക്കൊണ്ട്, നിലകൊണ്ടു. സുവിശേഷം ആലപിച്ചശേഷം, ചുറ്റുമുള്ള ജനങ്ങളോട് പാവപ്പെട്ട രാജാവിന്‍റെ ജനനത്തെക്കുറിച്ച് പ്രഘോഷിച്ചു.  ശിശുവിനെക്കുറിച്ചുള്ള സ്നേഹവാത്സല്യങ്ങളാല്‍ യേശു എന്ന പേരുപോലും ഉച്ചരിക്കാന്‍ അദ്ദേഹത്തിനാവുമായിരുന്നില്ല.  ബേതലഹേമിലെ ശിശു എന്നുമാത്രമേ അദ്ദേഹത്തിന് വിളിക്കാനായുള്ളു.   

ദൈവത്തിന്‍റെ എല്ലാ സൃഷ്ടികളെയും സഹോദരീസഹോദന്മാരായി കണ്ടിരുന്ന, മൃഗങ്ങളെയും പക്ഷികളെയുമെല്ലാം സ്നേഹിച്ചിരുന്ന വിശുദ്ധ ഫ്രാന്‍സീസ്, കര്‍ഷകരോട് ക്രിസ്മസ് ദിനത്തില്‍ കൂടുതലായി ധാന്യവും വയ്ക്കോലും കാളകള്‍ക്കും മറ്റു വളര്‍ത്തുമൃഗങ്ങള്‍ക്കും കൊടുക്കണമെന്നപേക്ഷിക്കുമായിരുന്നത്രെ.  പുല്‍ക്കൂട്ടില്‍ ദൈവപുത്രനോടൊത്തുണ്ടായിരുന്ന അവരെ കൂടുതല്‍ ബഹുമാനിക്കണമെന്നദ്ദേഹം ആഗ്രഹിച്ചിരുന്നതുപോലെ.  അതുപോലെ, ക്രിസ്മസ് കാലത്ത് വൃക്ഷങ്ങള്‍ക്കു കീഴെ അദ്ദേഹം അപ്പക്കഷണങ്ങള്‍ വിതറുമായിരുന്നു, സഹോദരരായ പക്ഷികള്‍ക്കുവേണ്ടി.സകല സൃഷ്ടികളെയും ബഹുമാനിക്കുന്ന ഈ ചൈതന്യം ക്രിസ്മസ് കാലത്തിന്‍റെ ചൈതന്യമാക്കുവാന്‍ നമുക്കും കഴിഞ്ഞിരുന്നെങ്കില്‍!  ഉണ്ണിയീശോയോട് അതീവ ഭക്തിയുണ്ടായിരുന്ന വിശുദ്ധനാണ് ഫ്രാന്‍സീസ് അസ്സീസ്സി. അദ്ദേഹത്തിന്‍റെ ഭക്തി  ഉണ്ണിയീശോയുടെ ദാരിദ്യത്തിലും ശൂന്യമാക്കലിലും പങ്കുചേരുന്നതിലൂടെയും അദ്ദേഹത്തില്‍ പ്രകടമായിരുന്നു.

 ഫ്രാന്‍സീസിന്‍റെ ‘പുല്‍ക്കൂട്’ എന്ന ആശയം ക്രിസ്തീയലോകം വളരെവേഗം ഏറ്റെടുത്തു.  ദേവാലയങ്ങളിലും ഓരോ ക്രിസ്തീയഭവനങ്ങളും ക്രിസ്മസ് കാലത്ത് ക്രിബുകള്‍ നിര്‍മിച്ചു തുടങ്ങി. മനുഷ്യനായി അവതരിച്ച ദൈവത്തിന്‍റെ താഴ്മയെ വെളിവാക്കുന്നതാണ് പുല്‍ക്കൂട്ടിലെ ജനനം.  അവശ്യത്തിലിരിക്കുന്നവരെ അനുസ്മരിക്കുവാന്‍, വിശക്കുന്നവര്‍ക്കു ഭക്ഷണവും പാര്‍പ്പിടമില്ലാത്തവര്‍ക്കു പാര്‍പ്പിടവും നല്കി, മനുഷ്യാന്തസിനെ മാനിക്കുന്നവിധത്തില്‍ അപരനെ സഹായിച്ചുകൊണ്ട് ക്രിസ്മസ് ആചരിക്കാന്‍ നമുക്കു കഴിയുമ്പോള്‍ തന്നെത്തന്നെ ദാസനായി താഴ്ത്തി നമുക്കു യേശു നല്കിയ രക്ഷ നമുക്കു സ്വന്തമാകും.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി