പരിശുദ്ധ കന്യകാമറിയത്തിന്റെ പാതയിൽ നാം ഈശോയെ പിന്തുടരണം :മാർ ജോസഫ് കല്ലറങ്ങാട്ട്

 റെനി തോമസ് തയ്യിൽ


പാലാ: പരിശുദ്ധ കന്യകാമറിയത്തിന്റെ പാതയിൽ നാം ഈശോയെ പിന്തുടരണമെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് . പാലാ അമലോൽഭവ ജൂബിലി തിരുനാളിന്റെ പ്രധാന ദിവസമായ ഇന്ന് തിരുനാൾ കുർബാന മധ്യേ വിശ്വാസികൾക്ക് നൽകിയ സന്ദേശത്തിലാണ് പിതാവ് ഇക്കാര്യം പറഞ്ഞത്.കാനായിൽ വച്ച് പരിശുദ്ധ അമ്മ പറഞ്ഞത് അവൻ പറയുന്നതുപോലെ നിങ്ങൾ ചെയ്യുക എന്നതാണ്
. അമ്മയുടെ അതേ വാക്കുകൾ അനുസരിച്ചുകൊണ്ട് ഈശോ പറയുന്നത് ചെയ്യാൻ നാം പഠിക്കണം. എൻറെ കർത്താവാണ് എൻറെ ദൈവം എന്ന് നാം ഊന്നി പറയണമെന്ന് പിതാവ് വിശ്വാസികളെ ഓർമിപ്പിച്ചു. സഹരക്ഷക എന്ന പദം ഉപയോഗിക്കരുത് എന്ന മാർപാപ്പയുടെ നിർദ്ദേശം വിശ്വാസികളിൽ ഉണ്ടാക്കിയ ചില ആശയക്കുഴപ്പങ്ങൾ പരിഹരിക്കാനും മാർ ജോസഫ് കല്ലറങ്ങാട്ട് ഈ അവസരം വിനിയോഗിച്ചു. മധ്യസ്ഥ എന്ന  പ്രയോഗം പാപ്പ പ്രോത്സാഹിപ്പിക്കുന്നുണ്ട്, എന്നാൽ ഒരേയൊരു മധ്യസ്ഥൻ ഈശോയാണ് എന്ന് നാം മറന്ന് പോകരുത്. എല്ലാ കൃപാവരങ്ങളുടെയും ഉറവിടം ഈശോയാണ്. അതുകൊണ്ട് മറിയത്തെ കൃപ നൽകുന്നവൾ എന്ന് വിളിക്കേണ്ടതില്ല. ഈശോയിലല്ലാതെ മറ്റാരിലും രക്ഷയില്ല ഈശോയുടെ പൂർണ്ണമായ രക്ഷാധികാരത്തെ സംരക്ഷിക്കുകയാണ് സഭയുടെ ദൗത്യം. സഹരക്ഷക എന്ന് വിളിച്ചാൽ യേശുവിൻറെ പൂർണ്ണ രക്ഷാകര ദൗത്യത്തെ കുറച്ചു കാണിക്കുന്നതായി ആരെങ്കിലും തെറ്റിദ്ധരിച്ചേക്കാം എന്നതുകൊണ്ടാണ് പാപ്പ അത് തിരുത്തിയത്. മാതാവ് പോലും തന്നെ സഹരക്ഷക എന്ന് വിളിക്കപ്പെടുവാൻ ആഗ്രഹിച്ചിട്ടുണ്ടാവില്ല എന്നും മാർ ജോസഫ് കല്ലറങ്ങാട്ട് അജഗണങ്ങളെ ഓർമിപ്പിച്ചു.അതേസമയം മാതാവിൻറെ പ്രാധാന്യം മുൻപ് എന്നതിനേക്കാളും കുറച്ചു കാണേണ്ട യാതൊരു കാര്യവും ഇല്ലെന്നും അദ്ദേഹത്തിൻറെ വാക്കുകൾ ഓർമിപ്പിച്ചു.


ഒപ്പം തന്നെ വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വോട്ടവകാശം കർശനമായി വിനിയോഗിക്കണമെന്ന് അദ്ദേഹം വിശ്വാസികൾക്ക് ഉദ്ബോധനം നൽകി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്രാദേശിക സർക്കാരുകളാണ് എന്നും അവരുടെ അധികാരത്തെ നാം കുറച്ചു കാണരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. രാജ്യത്തോടും ഭരണഘടനയോടും ഉള്ള ഉത്തരവാദിത്വം നിറവേറ്റണമെന്നും ജനാധിപത്യം എന്തെന്ന് നമ്മുടെ കുഞ്ഞുങ്ങളെ ബോധ്യപ്പെടുത്താനുള്ള അവസരവും കൂടിയാണ് ഇത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി