ലെയോ പതിനാലാമൻ പാപ്പയുമായി മാർ റാഫേൽ തട്ടിൽ കൂടിക്കാഴ്ച നടത്തി.
സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ്, പരിശുദ്ധ പിതാവു ലെയോ പതിനാലാമൻ മാർപാപ്പയുമായി 2025 ഡിസംബർ 15 നു രാവിലെ 10 മണിക്കു വത്തിക്കാനിൽ സുപ്രധാനമായ കൂടിക്കാഴ്ച നടത്തി, സീറോമലബാർ മെത്രാൻ സിനഡിന്റെ സെക്രട്ടറി ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, മേജർ ആർച്ചുബിഷപ്പിന്റെ റോമിലെ പ്രൊക്യുറേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവരും ഈ സന്ദർശനത്തിൽ മേജർ ആർച്ചുബിഷപ്പിനൊപ്പം ഉണ്ടായിരുന്നു. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച്ചയിൽ, സീറോമലബാർ സഭയ്ക്ക് കേരളത്തിന് പുറത്തു പുതുതായി നാലു പ്രോവിൻസുകളും ഗൾഫുമേഖലയിൽ അപ്പസ്തോലിക് വിസിറ്റേഷനും അനുവദിച്ചതിനും പന്ത്രണ്ടു രൂപതകളുടെ അതിർത്തി പുനഃക്രമീകരിക്കുന്നതിനുള്ള സിനഡുതീരുമാനത്തിനു അംഗീകാരം നല്കിയതിനും പരിശുദ്ധ പിതാവിനോടുള്ള സഭയുടെ ഹൃദയപൂർവ്വമായ നന്ദി മേജർ ആർച്ചുബിഷപ്പ് രേഖപ്പെടുത്തി. ഈ തീരുമാനങ്ങൾ ആഗോളതലത്തിൽ സീറോമലബാർ വിശ്വാസികളുടെ ആത്മീയപരിപാലനത്തിനും സഭയുടെ പ്രേഷിതദൗത്യ നിർവഹണത്തിനുംവലിയ ശക്തിയും പ്രതീക്ഷയും നൽകുന്നതാണെന്നു മാർ റാഫേൽ തട്ടിൽ പിതാവു മാർപാപ്പയെ അറിയിച്ചു. സാർവ്വത്രിക സഭയുടെ വിവിധ തലങ്ങളിലും മിഷനറി പ്രവർത്തനങ്ങളിലും സിറോമലബാർ സഭ നല്കിക്കൊണ്ടിരിക്കുന്ന വിലപ്പെട്ട സംഭാവനകളെ എടുത്തു പറഞ്ഞ പരിശുദ്ധ പിതാവ് സിറോമലബാർ സഭയോടുള്ള തൻറെ അടുപ്പവും കേരളത്തിൽ മുൻപു നടത്തിയിട്ടുള്ള സന്ദർശങ്ങളും അനുസ്മരിച്ചു.
ഇതോടൊപ്പം, എറണാകുളം അങ്കമാലി അതിരൂപതയിലെ നിലവിലെ സാഹചര്യം അഭിവന്ദ്യ പിതാക്കൻമാർ പരിശുദ്ധ പിതാവിൻറെ ശ്രദ്ധയിൽപ്പെടുത്തി. സമാധാനവും ഐക്യവും പുനഃസ്ഥാപിക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികളും സംഭാഷണത്തിന്റെയും സഹിഷ്ണുതയുടെയും വഴിയിലൂടെ ഐക്യം സാധ്യമാക്കാനുള്ള ശ്രമങ്ങളും മേജർ ആർച്ചുബിഷപ്പു വിശദീകരിച്ചു. അതിരൂപതയിലെ ഇപ്പോഴത്തെ സാഹചര്യങ്ങളെക്കുറിച്ചു പറഞ്ഞ കാര്യങ്ങൾ ശ്രദ്ധയോടെ ശ്രവിച്ച പരിശുദ്ധ പിതാവു കൂട്ടായ്മ ഉറപ്പാക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികളോട് അതിരൂപതയിലെ വിശ്വാസികളും വൈദികരും സമർപ്പിതരും പൂർണമായും സഹകരിക്കേണ്ടതിന്റെ ആവശ്യം തദവസരത്തിൽ എടുത്തു പറഞ്ഞു.
സന്ദർശനത്തിന്റെ ഭാഗമായി മേജർ ആർച്ചുബിഷപ്പും സിനഡു സെക്രട്ടറിയും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയാ പരോളിനുമായും പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ പ്രീഫെക്ട് കർദിനാൾ ക്ലൗദിയോ ഗുജറാത്തിയുമായും മറ്റു ഏതാനും വത്തിക്കാൻ കാര്യാലയങ്ങളുടെ മേധാവികളുമായും കൂടിക്കാഴ്ച നടത്തി സഭാസംബന്ധിയായ വിവിധ കാര്യങ്ങൾ ചർച്ചചെയ്യുകയും അവർ നല്കികൊണ്ടിരിക്കുന്ന സഹായങ്ങൾക്കു നന്ദിപറയുകയും ചെയ്തു.

Comments
Post a Comment