അതീന്ദ്രീയപ്രതിഭാസങ്ങളിലല്ല വിശുദ്ധി അടങ്ങിയിരിക്കുന്നത്: ലിയോ പതിനാലാമൻ പാപ്പാ
ആദ്ധ്യാത്മിക തലത്തിൽ ദൈവവുമായുള്ള ഐക്യത്തിനാണ് പ്രാധാന്യമെന്നും, അവിടെ അതീന്ദ്രീയ പ്രതിഭാസങ്ങൾക്ക് അമിത പ്രാധാന്യം കൊടുക്കരുതെന്നും ലിയോ പതിനാലാമൻ പാപ്പാ. തെറ്റിദ്ധരിപ്പിക്കുന്നതും അന്ധവിശ്വാസപരവുമായ പ്രതിഭാസങ്ങൾക്ക് വിശ്വാസികൾ ഇരകളാകരുതെന്നും, കഴിഞ്ഞ ദിവസങ്ങളിൽ, വിശുദ്ധരുടെ നാമകരണച്ചടങ്ങുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററിയുടെ മേൽനോട്ടത്തിൽ "അതീന്ദ്രീയതയും നിഗൂഢപ്രതിഭാസങ്ങളും വിശുദ്ധിയും" എന്ന പേരിൽ റോമിലെ ഉർബാനിയൻ യൂണിവേഴ്സിറ്റിയിൽ നടന്ന കോൺഫറൻസിൽ സംബന്ധിച്ചവരെ ലെയോ മാർപാപ്പാ ഓർമ്മിപ്പിച്ചു. സഭയുടെ ഔദ്യോഗിക ഉദ്ബോധനങ്ങളും, ദൈവശാസ്ത്രവും, ആദ്ധ്യാത്മികരചയിതാക്കളും മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ എളിമയോടെ സ്വീകരിച്ചുകൊണ്ട് വേണം, ശരിയായതും തെറ്റായതുമായ ആദ്ധ്യാത്മിക പ്രതിഭാസങ്ങളെ വേർതിരിച്ചുകാണേണ്ടതെന്നും പാപ്പാ പറഞ്ഞു.
ആത്മീയ അതീന്ദ്രീയ അനുഭവങ്ങൾ അവനവനുതന്നെയുള്ള ഒരു ദാനമെന്നതിനേക്കാൾ ക്രിസ്തുവിന്റെ ശരീരമായ സഭയുടെ വളർച്ചയ്ക്കുവേണ്ടിയുള്ളവയാണെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. ആദ്ധ്യാത്മിക അതീന്ദ്രിയതയെന്നത് ദൈവികമായ ഒരു ദാനമായിരിക്കെത്തന്നെ, ദൈവവുമായുള്ള ഐക്യമായിരിക്കണം നമ്മുടെ യഥാർത്ഥ ലക്ഷ്യമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഏക ദൈവജനമെന്ന രീതിയിൽ ജീവിക്കുന്ന സഭയാകുന്ന മിശിഹായുടെ മൗതികശരീരത്തിലെ അംഗങ്ങളായ വിശ്വാസികൾ മാമ്മോദീസയിൽ നമുക്ക് ലഭിച്ച നമ്മുടെ പൊതുവായ വിളിയിൽ വളരുകയും വിശുദ്ധരെ അനുകരിച്ച് ജീവിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും പാപ്പാ എടുത്തുപറഞ്ഞു.


Comments
Post a Comment