പ്രത്യാശയുടെ തീർത്ഥാടകരായി ജീവിക്കാനുള്ള വിളിയാണ് ജൂബിലി വാതിൽ: മാർ ജോസഫ് കല്ലറങ്ങാട്ട്
റിപ്പോർട്ട്: റെനി തോമസ് തയ്യിൽ
ഭരണങ്ങാനം: പ്രത്യാശയുടെ തീർത്ഥാടകരായി ജീവിക്കാനുള്ള വിളിയാണ് ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ ഒരുക്കിയിരിക്കുന്ന പ്രത്യാശയുടെ ജൂബിലി വാതിൽ എന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്.
ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ ക്രിസ്തുവിൻറെ 2025- ആം തിരുപ്പിറവി വാർഷികത്തോടനുബന്ധിച്ച് സ്ഥാപിച്ച പ്രത്യാശയുടെ കവാടം ആശീർവദിച്ചു തുറന്ന് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ജൂബിലി വാതിൽ വിശുദ്ധ ജീവിതത്തിനുള്ള ക്ഷണമാണ് എന്ന് ഓർമ്മിപ്പിച്ച അദ്ദേഹം ദൈവത്തിൻറെ ഹൃദയ വാതിലാണ് നമുക്കുവേണ്ടി തുറക്കുന്നത് എന്നും ചൂണ്ടിക്കാട്ടി. ഈശോ തന്നെയാണ് നമ്മുടെ യഥാർത്ഥ വാതിൽ എന്നും അദ്ദേഹം വിശ്വാസികളെ ഓർമിപ്പിച്ചു.പാലാ രൂപത ബിഷപ്പ് എമരിറ്റസ് മാർ ജോസഫ് പള്ളിക്കാപറമ്പിലും ചടങ്ങിൽ സന്നിഹിതനായിരുന്നു
കവാടം തുറക്കുന്ന പ്രാർത്ഥനയിൽ രൂപതയുടെ മുഖ്യ വികാരി ജനറാൾ മോൺസിഞ്ഞോർ ജോസഫ് തടത്തിൽ,മോൺസിഞ്ഞോർ ജോസഫ് മലേപ്പറമ്പിൽ,രൂപത പ്രൊക്യുറേറ്റർ ഫാ. ജോസഫ് മുത്തനാട്ട്, ഫൊറോനാ വികാരി ഫാ.സക്കറിയാസ് ആട്ടപ്പാട്ട് , മറ്റ് വൈദികർ ,സമർപ്പിതർ എന്നിവരെ കൂടാതെ അല്മായരും ചടങ്ങിൽ പങ്കെടുത്തു.
ഡിസംബർ 1 മുതൽ 2026 ജനുവരി 6 ാം തീയതി വരെ വിവിധ വിഭാഗങ്ങൾക്ക് വേണ്ടിയുള്ള ജൂബിലി ആഘോഷങ്ങൾ നടക്കുന്നതാണ്.ജൂബിലി പ്രമാണിച്ച് 2025 ഡിസംബർ 1 മുതൽ 2026 ജനുവരി 6 വരെ എല്ലാ ദിവസവും അൽഫോൻസാ ഷ്റൈൻ 24 മണിക്കൂറും തീർത്ഥാടകർക്കായി തുറന്നിട്ടിരിക്കുന്നതാണ്.ജൂബിലിയുടെ ഭാഗമായ പ്രത്യാശയുടെ കവാടത്തിലൂടെ പ്രവേശിക്കുന്നവർക്ക് പൂർണ്ണ ദണ്ഡവിമോചനം ലഭിക്കുന്നതാണ്.

Comments
Post a Comment