ക്നാനായ അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

 


പത്തനംതിട്ട : നവംബർ എട്ടിനും ഒൻപതിനുമായി തിരുവല്ല തിരുമൂല പുരത്ത് നടക്കുന്ന യുവജന സമാജത്തിൻ്റെ നേതൃത്വത്തിലുള്ള ക്നാനായ അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സംഗമത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി. സംരക്ഷണത്തിൽ അയ്യായിരത്തോളം വിശ്വാസികൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.  തിരുവല്ല തിരുമൂലപുരത്തെ എം.ഡി.എം കൺവൻഷൻ സെൻ്ററിൽ തയ്യാറാക്കിയ ഇട്ടിത്തൊമ്മൻ കത്തനാർ നഗറിലാണ് സംഗമം നടക്കുക. നവംബർ 8 ശനിയാഴ്ച വൈകിട്ട് 6 മണിക്ക്‌ റാന്നിയിൽ നിന്നും കൊണ്ടു വരുന്ന പതാകയ്ക്കും, ചിങ്ങവനത്തു നിന്നും കൊണ്ടു വരുന്ന ഛായാചിത്രത്തിനും സമ്മേളന വേദിയിൽ സ്വീകരണം നൽകും. തുടർന്ന് പതാക ഉയർത്തൽ നടക്കും. വൈകിട്ട് ആറരയ്ക്ക് കേന്ദ്ര പ്രതിനിധി സമ്മേളനം നടക്കും. 


നവംബർ 9 ഞാറാഴ്ച്ച രാവിലെ വള്ളംകുളം മോർ ഏലിയാസ് തൃതീയൻ പള്ളിയിൽ രാവിലെ 6:30ന് പ്രഭാത പ്രാർത്ഥന, 7 മണിക്ക്‌ വിശുദ്ധ കുർബ്ബാന, രാവിലെ 10:30 മുതൽ തിരുമൂലപുരം എം.ഡി.എം കൺവൻഷൻ സെൻ്ററിൽ കലാമത്സരങ്ങൾ. ഉച്ചയ്ക്ക് 2 മണിക്ക്‌ വനിതാ സമ്മേളനം എന്നിവ നടക്കും.


വൈകുന്നേരം 3 മണിക്ക്‌ തിരുമൂലപുരം ടൌണിൽ നിന്നും സമ്മേളന നഗരിയിലേയ്യ്ക്ക് ഘോഷയാത്ര നടക്കും. സമ്മേളന നഗറിൽ ഘോഷയാത്ര പ്രവേശിക്കുമ്പോൾ കുരിശിൽ ആലാത്ത് കെട്ടി വിശ്വാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലും. 3:30ന് വിശ്വാസ സംരക്ഷണ പൊതുസമ്മേളനം നടക്കും. ക്നാനായ സമുദായ കല്ലിശെരി മേഖല സഹായ മെത്രാപ്പോലീത്താ മോർ ഗ്രീഗോറിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ കൂടുന്ന പൊതുസമ്മേളനം പരിശുദ്ധ പാർത്രിയാർക്കീസ് ബാവായുടെ പ്രതിനിധി സിറിയൻ ഓർത്തഡോക്സ് സഭയിലെ യൂത്ത് അഫയേഴ്സ് ആന്റ്റ് ക്രിസ്ത്യൻ എഡ്യൂക്കേഷൻ വികാരി ആർച്ച് ബിഷപ്പ് മോർ ആൻഡ്രൂസ് ബാഹി മെത്രാപ്പോലീത്താ സമ്മേളനം ഉത്ഘാടനം ചെയ്യും.


മലങ്കര കത്തോലിക്ക സുറിയാനി സഭയുടെ തിരുവല്ല ഭദ്രാസനാധിപൻ അർച്ച് ബിഷപ്പ് മോർ കൂറിലോസ് തോമസ് മെത്രാപ്പോലീത്താ മുഖ്യ പ്രഭാഷണം നടത്തും. ക്നാനായ കത്തോലിക്ക കോട്ടയം ഭദ്രാസനാധിപൻ ഗീവർഗീസ് മോർ അപ്രേം മെത്രാപ്പോലീത്താ, മലങ്കര യാക്കോബായ സുറിയാനി സഭയുടെ അയർലൻഡ് ഭദ്രാസനാധിപൻ മോർ അലക്സന്ത്രയോസ് തോമസ് മെത്രാപ്പോലീത്ത, ക്നാനായ സമുദായ റാന്നി മേഖല സഹായ മെത്രാപ്പോലീത്താ മോർ ഈവാനിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്താ തുടങ്ങിയ പിതാക്കന്മാർ അനുഗ്രഹ പ്രഭാഷണം നടത്തും. വൈകിട്ട് ഏഴിന് ചലച്ചിത്ര താരങ്ങൾ പങ്കെടുക്കുന്ന കലാസന്ധ്യയും പരിപാടിയുടെ ഭാഗമായി അരങ്ങേറുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി