വചന പാഥേയം: ഏഴാം സങ്കീർത്തനം


 എന്‍റെ ദൈവമായ കര്‍ത്താവേ, അങ്ങില്‍ ഞാന്‍ അഭയംതേടുന്നു; എന്നെ വേട്ടയാടുന്ന എല്ലാവരിലും നിന്ന് എന്നെ രക്ഷിക്കണമേ, മോചിപ്പിക്കണമേ!

അല്ലെങ്കില്‍, സിംഹത്തെപ്പോലെ അവര്‍ എന്നെ ചീന്തിക്കീറും; ആരും രക്ഷിക്കാനില്ലാതെ എന്നെ വലിച്ചിഴയ്ക്കും.

എന്‍റെ ദൈവമായ കര്‍ത്താവേ, ഞാനതു ചെയ്തിട്ടുണ്ടെങ്കില്‍, ഞാന്‍ തിന്‍മ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍,

ഞാന്‍ എന്‍റെ സുഹൃത്തിനു തിന്‍മ പ്രതിഫലം കൊടുത്തിട്ടുണ്ടെങ്കില്‍, അകാരണമായി ശത്രുവിനെ കൊള്ളയടിച്ചിട്ടുണ്ടെങ്കില്‍,


ശത്രു എന്നെ പിന്‍തുടര്‍ന്നു കീഴടക്കിക്കൊള്ളട്ടെ; എന്‍റെ ജീവനെ നിലത്തിട്ടു ചവിട്ടിമെതിക്കട്ടെ; പ്രാണനെ പൂഴിയില്‍ ആഴ്ത്തിക്കൊള്ളട്ടെ. 

കര്‍ത്താവേ, കോപത്തോടെ എഴുന്നേല്‍ക്കണമേ! എന്‍റെ ശത്രുക്കളുടെ ക്രോധത്തെ നേരിടാന്‍ എഴുന്നേല്‍ക്കണമേ! ദൈവമേ, ഉണരണമേ! അവിടുന്ന് ഒരു ന്യായവിധി നിശ്ചയിച്ചിട്ടുണ്ടല്ലോ.

ജനതകള്‍ അങ്ങയുടെ ചുറ്റും സമ്മേളിക്കട്ടെ! അവര്‍ക്കു മുകളില്‍ ഉയര്‍ന്ന സിംഹാസനത്തില്‍ അവിടുന്ന് ഉപവിഷ്ടനാകണമേ!

കര്‍ത്താവു ജനതകളെ വിധിക്കുന്നു; കര്‍ത്താവേ, എന്‍റെ നീതിനിഷ്ഠയ്ക്കും സത്യസന്ധതയ്ക്കും ഒത്തവിധം എന്നെ വിധിക്കണമേ!

നീതിമാനായ ദൈവമേ, മനസ്സുകളെയും ഹൃദയങ്ങളെയും പരിശോധിക്കുന്നവനേ, ദുഷ്ടരുടെ തിന്‍മയ്ക്ക് അറുതിവരുത്തുകയും നീതിമാന്‍മാര്‍ക്കു പ്രതിഷ്ഠനല്‍കുകയും ചെയ്യണമേ!

ഹൃദയനിഷ്കളങ്കതയുള്ളവരെ രക്ഷിക്കുന്ന ദൈവമാണ് എന്‍റെ പരിച.

ദൈവം നീതിമാനായ ന്യായാധിപനാണ്; അവിടുന്നു ദിനം പ്രതിരോഷംകൊള്ളുന്ന ദൈവമാണ്.

മനുഷ്യന്‍ മനസ്സുതിരിയുന്നില്ലെങ്കില്‍ അവിടുന്നു വാളിനു മൂര്‍ച്ചകൂട്ടും; അവിടുന്നു വില്ലുകുലച്ച് ഒരുങ്ങിയിരിക്കുന്നു.

അവിടുന്നു തന്‍റെ ശരങ്ങളെ തീയമ്പുകളാക്കി, മാരകായുധങ്ങള്‍ സജ്ജമാക്കിയിരിക്കുന്നു.

ഇതാ, ദുഷ്ടന്‍ തിന്‍മയെ ഗര്‍ഭം ധരിക്കുന്നു; അധര്‍മത്തെ ഉദരത്തില്‍ വഹിക്കുന്നു; വഞ്ചനയെ പ്രസവിക്കുന്നു.

അവന്‍ കുഴികുഴിക്കുന്നു; താന്‍ കുഴിച്ച കുഴിയില്‍ താന്‍തന്നെ വീഴുന്നു.

അവന്‍റെ ദുഷ്ടത അവന്‍റെ തലയില്‍ത്തന്നെ പതിക്കുന്നു; അവന്‍റെ അക്രമം അവന്‍റെ നെറുകയില്‍ത്തന്നെതറയുന്നു.

കര്‍ത്താവിന്‍റെ നീതിക്കൊത്തു ഞാന്‍ അവിടുത്തേക്കു നന്ദിപറയും; അത്യുന്നതനായ കര്‍ത്താവിന്‍റെ നാമത്തിനു ഞാന്‍ സ്തോത്രമാലപിക്കും



Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി