ലാത്വിയയിൽ മലങ്കര യാക്കോബായസഭയുടെ പുതിയ കോൺഗ്രിഗേഷന് തുടക്കം

 ലാത്വിയയിൽ  മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ പുതിയ കോൺഗ്രിഗേഷന്  തുടക്കം കുറിച്ചു.



റിഗ : റഷ്യയുടെ സമീപ രാജ്യങ്ങളായ  ബാൾട്ടിക് രാജ്യങ്ങളിലെ ലാത്വിയയുടെ തലസ്ഥാനമായ റിഗയിൽ ഇത് ചരിത്ര   നിമിഷം. യൂറോപ്പ് പാത്രിയർക്കൽ വികാരി ഡോ. മോർ തീയോഫിലോസ് കുറിയാക്കോസ് മെത്രാപ്പോലീത്തയുടെ അനുഗ്രഹ ആശീർവാദത്തോടെ ലാത്വിയയിൽ മലങ്കര സുറിയാനി ഓർത്തഡോക്സ് സഭാ സമൂഹത്തിന്റെ  ആദ്യ വിശുദ്ധ കുർബാന റിഗയിലെ അസംപ്ഷൻ ഓഫ് മദർ മേരി  കത്തോലിക്കാ പളളിയിൽ വച്ചു വന്ദ്യ ജോഷ്വാ റമ്പാൻ അർപ്പിച്ചു.

ലാത്വിയൻ സർവകലാശാലകളിൽ പഠിക്കുന്ന മലയാളീ വിദ്യാർത്ഥികളും, ലിത്വാനിയയിൽ നിന്നെത്തിയ വിശ്വാസികളും ഈ ആരാധനയിൽ പങ്കെടുത്തു. വിശുദ്ധ കുർബ്ബാനക്ക് ശേഷം യുവതി യുവാക്കളുടെ സംഗമവും നടത്തപ്പെട്ടു. കൂട്ടായ്മയുടെയും ഐക്യത്തിന്റെയും പരസ്പര ഒത്തു ചേരലിന്റെയും ആവേശകരമായ തുടക്കമായിരുന്നു അത്.

വന്ദ്യ റമ്പാച്ചന്റെ കൂടെ വിയന്നയിൽ നിന്ന് വന്ന കൌൺസിൽ പ്രതിനിധികൾ ലാത്വിയയിലെ ആർച്ച്‌ ബിഷപ്പ് ഡോ. സ്ബിഗ്‌നെവ്‌സ് സ്റ്റാൻകെവിച്സിനെ സന്ദർശിച്ച് അനുഗ്രഹം തേടി. 

യൂറോപ്പ് ഭദ്രാസന കൗൺസിൽ അംഗങ്ങളായ കമാൻഡർ ജോർജ് പടിക്കക്കുടി, ജോൺസൺ ചേലപ്പുറത്ത്, ലാത്വിയൻ സമൂഹത്തെ പ്രതിനിധീകരിച്ച്  ജിതു മാത്യു, ബേസിൽ സീജോ എന്നിവർ അടങ്ങിയ സംഘമാണ് ബിഷപ്പിനെ സന്ദർശിച്ചത്.

ഇന്ത്യൻ വിദ്യാർത്ഥികൾ കാണിക്കുന്ന ആത്മീയ താൽപര്യത്തെ അദ്ദേഹം അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അയ്യായിരത്തിൽ പരം ഇന്ത്യൻ വിദ്യാർത്ഥികൾ ലാത്വിയയിലെ പല സർവകലാശാലകളിലായി പഠനം നടത്തുന്നുണ്ടെന്നും, അവർക്ക് ആവശ്യമായ ആത്മീയ ശുശ്രുകൾ കൊടുക്കേണ്ടത് സഭയുടെ മിഷൻ ആണെന്നും അദ്ദേഹം പങ്കു വച്ചു. 

അസംപ്ഷൻ ഓഫ് ദി മദർ മേരി പളളിയുടെ വികാരി ഫാ. എമിൽ  ആരാധനയ്ക്കായി പളളി തുറന്ന് നൽകിയതിലൂടെ രണ്ടു സഭകൾക്കും ഇടയിൽ ആത്മീയ സൗഹൃദം ശക്തിപ്പെട്ടു.

ആരാധനയുടെ സൗന്ദര്യമായ ഗായക  സംഘത്തിനു അലൻ തോമസ്, മീനു, ലിറ്റി എന്നിവർ നേതൃത്വം നൽകി.പഠനത്തിലും ജോലിയിലും ആയിരിക്കുന്ന യുവതി യുവാക്കളെ സഭയോട് ചേർത്ത്പോകുന്നതിൽ ഈ ആത്മീയ കൂട്ടായ്മ  ലാത്വിയയിലെയും ലിത്വാനിയാ, എസ്തോണിയ തുടങ്ങിയ സമീപ രാജ്യങ്ങളിലെയും വിശ്വാസികൾക്ക് ശക്തിയും പ്രത്യാശയും നൽകും.

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി