രാജാരവിവർമ്മച്ചിത്രം തേടി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി കുമരകത്ത്
കോട്ടയം : ഒരു മോഹം പൂവണിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി.രാജാ രവിവർമ കുമരകം ആറ്റാമംഗലം സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയ്ക്ക് വേണ്ടി വരച്ചു നൽകിയ പരിശുദ്ധ പരുമല തിരുമേനിയുടെ അമൂല്യമായ എണ്ണച്ചായച്ചിത്രം കണ്ടതിന്റെ സന്തോഷമായിരുന്നു ഗൗരി ലക്ഷ്മി ബായിക്ക്. 120 വർഷം മുൻപ് വരച്ച ചിത്രമാണിത്.
രാജകുടുംബത്തിലെ രാജാ രവിവർമ വരച്ച ചിത്രം 5-ാം തലമുറയിൽപെട്ട ഗൗരി ലക്ഷ്മി ബായി പള്ളിയിൽ എത്തി കണ്ടപ്പോൾ ഇടവകാംഗങ്ങൾക്കും ആഹ്ലാദ നിമിഷമായി. പള്ളി അങ്കണത്തിൽ തന്നെ കാണാൻ എത്തിയ കുട്ടികളോട് താൻ സ്കൂളിൽ പോയിട്ടില്ലെന്ന് ഗൗരി ലക്ഷ്മി ബായി പറഞ്ഞപ്പോൾ അവർക്കത് വിശ്വസിക്കാനായില്ല.
രാജകുടുംബത്തിലെ കുട്ടികളെ അധ്യാപകർ കൊട്ടാരത്തിൽ എത്തി പഠിപ്പിക്കുകയായിരുന്നുവെന്നും, അതുകൊണ്ടാണ് സ്കൂളിൽ പോകാൻ കഴിയാതെ വന്നതെന്നും ഗൗരി ലക്ഷ്മി ബായി പറഞ്ഞു. തിരുവിതാംകൂർ രാജവംശവും, കിളിമാനൂർ കോവിലകവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും രാജാ രവിവർമയും തന്റെ മുത്തശ്ശിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഇടവകാംഗങ്ങളോടു വിശദീകരിച്ചു.
പള്ളിയിലെ പ്രാർഥനയെയും, സമയക്രമത്തെയും കുറിച്ച് വൈദീകരോടു ചോദിച്ചറിഞ്ഞു. കുരിശ് എന്തിനെ സൂചിപ്പിക്കുന്നു വെന്ന് പുരോഹിതന്മാരോടു ചോദിച്ചറിയുകയും കുരിശിനെക്കുറിച്ചുള്ള തന്റേതായ വിശദീകരണം നൽകുകയും ചെയ്തു.
വികാരി ഫാ. അഭിലാഷ് ഏബ്രഹാം വലിയവീട്ടിൽ, സഹ വികാരി ഫാ. നൈനാൻ ഫിലിപ് എട്ടു പറയിൽ, ട്രസ്റ്റി ജേക്കബ് ജോർജ് പുതുവിക്കാട്ടുചിറയിൽ എന്നിവരും മാനേജിങ് കമ്മിറ്റി അംഗങ്ങളും ചേർന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയെ സ്വീകരിച്ചു.


Comments
Post a Comment