മാർ ജോസഫ് കൊല്ലംപറമ്പിലിന്റെ നേർക്കുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് കത്തോലിക്കാ കോൺഗ്രസ്
മാർ ജോസഫ് കൊല്ലംപറമ്പിലിന്റെ നേർക്കുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻറ് ഫാദർ ഫിലിപ്പ് കവിയിൽ.
പ്രതിഷേധ പ്രസ്താവന ഇങ്ങിനെ: ഷംഷാബാദ് അതിരൂപതയിലെ ബിഷപ്പ് മാർ ജോസഫ് കൊല്ലംപറമ്പിലിന്‍റെ കാറിന് നേരെ മൂവാറ്റുപുഴയിലുണ്ടായ ആക്രമണവാർത്ത ഞെട്ടലോടെയാണ് മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞത്. കത്തോലിക്ക സഭയിലെ അഭിവന്ദ്യനായ ഒരു പിതാവിന് നേരെയുണ്ടായ ഈ കിരാതമായ അക്രമണത്തെ ശക്തമായി അപലപിക്കുന്നു.
ക്രൈസ്തവ ആത്മീയ നേതാക്കൾക്കെതിരായി കേരളത്തിൽ പോലും ഉണ്ടാകുന്ന കരുതിക്കൂട്ടിയെന്ന് സംശയിക്കപ്പെട്ടേക്കാവുന്ന ഇത്തരത്തിലുള്ള ആക്രമണങ്ങൾ സമൂഹത്തിന്റെ സഹിഷ്ണുതയും നിയമവാഴ്ചയിൽ അധിഷ്ഠിതമായ ജനാധിപത്യ മൂല്യങ്ങളുമെല്ലാം ചോദ്യം ചെയ്യുന്നവയാണ്.
ബിഷപ്പ് മാർ ജോസഫ് കൊല്ലംപറമ്പിൽ ക്രിസ്തീയ സമൂഹത്തിന്റെയും കത്തോലിക്കാ സമുദായത്തിന്റെയും സഹിഷ്ണുതയുടെയും സൗമ്യതയുടെയും പ്രതീകമായ വ്യക്തിയാണ്. അദ്ദേഹത്തിന് നേരെയുള്ള ഈ അക്രമം, വ്യക്തിയ്ക്കെതിരെയുള്ളതല്ല, മറിച്ച് മതസൗഹൃദത്തെയും സമൂഹത്തിന്റെ ശാന്തിയെയും വെല്ലുവിളിക്കുവാൻ ലക്ഷ്യമിട്ടുള്ള ഭീകരപ്രവർത്തിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കുറ്റവാളികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും, മതസമുദായ നേതാക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ശക്തമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു.
സമൂഹത്തിൽ സമാധാനവും പ്രത്യേകിച്ച് മതസൗഹൃദവും നിലനിറുത്താൻ എല്ലാ മതവിഭാഗങ്ങളും ഒന്നുചേർന്ന് ക്രിമിനലുകളെ തള്ളിപ്പറയുകയും അവർക്കെതിരെ നടപടിയെടുക്കാൻ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്നു.

Comments
Post a Comment