മാർ ആലഞ്ചേരിയുടെ താമസം മാറ്റം സംബന്ധിച്ച പ്രചാരണങ്ങൾ അടിസ്ഥാനരഹിതം : സീറോ മലബാർ സഭ
കാക്കനാട്: സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് എമിരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സഭാകാര്യാലയമായ കാക്കനാട് മൗണ്ട് സെൻറ് തോമസിൽനിന്നു താമസം മാറ്റുന്നതുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചരണം തികച്ചും അടിസ്ഥാനരഹിതമെന്ന് സീറോ മലബാർ സഭ വക്താവ് അറിയിച്ചു.
ചില വാർത്താമാധ്യമങ്ങൾ നടത്തുന്നതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വ്യക്തമായ ഔദ്യോഗിക കുറിപ്പ് പുറത്തിറക്കുകയും ചെയ്തു.അതിൽ പറയുന്നത് ചുവടെ ചേർക്കുന്നു:
2023 ഡിസംബർ ഏഴിന് മേജർ ആർച്ചുബിഷപ്പു സ്ഥാനത്തുനിന്നു രാജിവച്ച് വിശ്രമജീവിതത്തിലേക്കു പ്രവേശിച്ച അഭിവന്ദ്യ ആലഞ്ചേരി പിതാവ്, മൗണ്ട് സെൻറ് തോമസിലുള്ള ശാലോം ഭവനിൽ താമസിച്ചുവരികയാണ്. കഴിഞ്ഞ മാസങ്ങളിൽ പിതാവ് ഒരു ശസ്ത്രക്രിയക്കു വിധേയനായിരുന്നു. അതിനെത്തുടർന്ന് പിതാവിൻറെ പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് ആശുപത്രി സമീപത്തുള്ള ഒരു താമസസ്ഥലം കണ്ടെത്തണമെന്നു ഡോക്ടർമാർ നിർദ്ദേശിക്കുകയുണ്ടായി. അതിൻപ്രകാരം, പിതാവ് ചങ്ങനാശ്ശേരി ചെത്തിപ്പുഴ ആശുപത്രിക്കടുത്തുള്ള വൈദികമന്ദിരത്തിലേക്ക് താമസം മാറ്റുന്ന കാര്യത്തിൽ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവുമായി ആലോചിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണ്. വസ്തുതകൾ ഇതായിരിക്കെയാണ് ഇപ്പോൾ വാസ്തവവിരുദ്ധമായ കാര്യങ്ങൾ ദുരുദ്ദേശപരമായി ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്.
പന്ത്രണ്ടു വർഷത്തോളം സീറോമലബാർ സഭയെ നയിച്ചു ഇപ്പോൾ വിശ്രമജീവിതം നയിക്കുന്ന അഭിവന്ദ്യ കർദിനാൾ മാർ ആലഞ്ചേരി പിതാവിനെ അനാവശ്യമായി വിവാദങ്ങളിലേക്കു കൊണ്ടുവരുന്നതിനെ ശക്തമായി അപലപിക്കുകയും ബന്ധപ്പെട്ട മാധ്യമസ്ഥാപനങ്ങൾ ഇത്തരം ദുഷ്പ്രചരണങ്ങളിൽനിന്നു പിന്മാറണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു എന്ന് പറഞ്ഞാണ് ഔദ്യോഗിക വാർത്താക്കുറിപ്പ് അവസാനിക്കുന്നത്


Comments
Post a Comment