സപ്തതി നിറവിൽ പാലായിലെ ആദ്യത്തെ അഗതിവൃദ്ധമന്ദിരം: സെന്റ് വിൻസൻറ് പ്രൊവിഡൻസ് ഹൗസ്.
പാലാ:മരുന്നിന്റെ മടുപ്പിക്കുന്ന ഗന്ധങ്ങൾക്കപ്പുറം സ്നേഹത്തിൻറെ ഒരു നിറപുഞ്ചിരി മതിയാവും വാർദ്ധക്യത്തിന്റെ അലസ സായന്തനങ്ങളെ ജീവിതത്തിൻറെ നിറസൗന്ദര്യമണിയിക്കുവാൻ എന്ന് കണ്ടറിയണമെങ്കിൽ നിങ്ങൾക്ക് ഇങ്ങോട്ട് വരാം. സ്വന്തം ഭവനത്തിലില്ലാത്ത ഉല്ലാസത്തോടെ ഒരു മനമായി പൊട്ടിച്ചിരിച്ചും ചേർത്തുപിടിച്ചും കഴിയുന്ന വൃദ്ധ ജീവിതങ്ങൾക്ക് മടുപ്പല്ല, സന്തോഷത്തിന്റെ മധുര സായന്തനങ്ങളാണ്.ഇത് പാലായിലെ സെന്റ് വിൻസൻറ് പ്രൊവിഡൻസ് ഹൗസ് !
വാർദ്ധക്യത്തിൽ തനിച്ചായ സഹോദരി സഹോദരന്മാർക്ക് കാരുണ്യ തണലേകുന്ന അഗതി വൃദ്ധമന്ദിരം! ഇന്ന് നവംബർ 11ന് കാരുണ്യ ശുശ്രൂഷയുടെ 70 വർഷം പൂർത്തിയാക്കുമ്പോൾ കടന്നുപോകുന്ന പാതകളിൽ മറക്കാനാവാത്ത ഒരുപിടി മുഖങ്ങളുണ്ട്.
1954 ഡിസംബർ 11ന് കിഴതടിയൂർ CMI ആശ്രമത്തിൻ്റെ ആദ്യപ്രീയോർ ആയ ഫാ.ആൻഡ്രൂസ് പുണോലിലിൻ്റെ പിൻതുണയോടെ വിൻസെൻ്റ് ഡി പോൾ സൊസൈറ്റിയുടെ അംഗങ്ങളുടെ തീവ്രമായ ആഗ്രഹത്താലും പാലായുടെ ആദ്യ മെത്രാൻ മാർ സെബാസ്റ്റ്യൻ വയലിലിൻ്റെ ആശീർവ്വദത്താലും ആരംഭിച്ച ഒരു അഗതിമന്ദിരം!
ഒരു വർഷത്തിനുശേഷം ഇതിൻ്റെ ഭരണ ചുമതല സെന്റ് വിൻസെൻറ് ഡി പോൾ സൊസൈറ്റി പാലായിലുള്ള സി എം ഐ ആശ്രമത്തെ ഏൽപ്പിച്ചു. ഏകദേശം 28 വർഷത്തോളം സി എം ഐ ആശ്രമത്തിൻ്റെ മേൽനോട്ടത്തിലായിരുന്ന ഈ വൃദ്ധ മന്ദിരത്തിൻ്റെ ചുമതല പിന്നീട് എസ് ഡി സിസ്റ്റേഴ്സിനെ ഏല്പിച്ചു.
1927 ൽ ആലുവയ്ക്കടുത്ത് ധന്യൻ ഫാ. വർഗീസ് പയ്യപ്പിള്ളിയാൽ സ്ഥാപിതമായ ഒരു സന്യാസ സമൂഹമാണ് എസ് ഡി അഥവാ അഗതികളുടെ സഹോദരിമാരുടെ സന്യാസ സമൂഹം. അഗതികളും മർദിതരും ദരിദ്രരുമായ സഹോദരങ്ങൾക്ക് ക്രിസ്തുവിൻറെ കരുണാർദ്രസ്നേഹം പകരുക എന്നതാണ് എസ് ഡി യുടെ ചൈതന്യം .
ഇന്ന് അഞ്ചു ഭൂഖണ്ഡങ്ങളിൽ പതിമൂന്നു രാജ്യങ്ങളിലായി രണ്ടായിരത്തോളം അംഗങ്ങളുമായി ക്രിസ്തുകരുണയുടെ നേർസാക്ഷ്യമാകുന്നു.
ചങ്ങനാശേരി ആസ്ഥാനമായുള്ള സെന്റ് ജോസഫ് പ്രോവിൻസിൻ്റെ കീഴിൽ വരുന്ന ഒരു സ്ഥാപനമാണ് സെന്റ് വിൻസൻറ് പ്രൊവിഡൻസ് ഹൗസ് . എസ് ഡി സിസ്റ്റേഴ്സിന്റെ പ്രവർത്തനങ്ങൾ കണ്ട് ആകൃഷ്ടനായ സി എം ഐ ആശ്രമത്തിലെ അന്നത്തെ പ്രിയോരായിരുന്ന ഫാ.ജോസഫ് ആയിത്തമറ്റം വഴിയാണ് എസ് ഡി സിസ്റ്റേഴ്സ് പാലായിൽ എത്തുന്നത് . അവർ ഈ സ്ഥാപനം ഏറ്റെടുത്തിട്ട് ഇന്ന് 40 വർഷങ്ങൾ പൂർത്തിയാക്കുന്നു.
പാലായിൽ ഇന്ന് എസ് ഡി യ്ക്ക് ആറ് മഠങ്ങൾ ഉണ്ട്. സെൻ്റ്ജോസഫ് പ്രോവിൻസിൻ്റെ ഇപ്പോഴത്തെ പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ ദീപ്തി ജോസ് ഈ സ്ഥാപനത്തിൻറെ പ്രസിഡന്റും കോട്ടയം ജൂവനൈൽ ജസ്റ്റിസ് ബോർഡ് അംഗവുമായ അഡ്വക്കേറ്റ് സിസ്റ്റർ ജ്യോതിസ് , സുപ്പീരിയർ സി.അമല അറയ്ക്കൽ തുടങ്ങിയവരുടെ നേതൃത്വം ഈ സ്ഥാപനത്തിൻറെ മുന്നോട്ടുള്ള യാത്ര സുഗമമാക്കുന്നു.
അനാഥരും പാവപ്പെട്ടവരും രോഗികളുമായ 60 വയസ്സിന് മുകളിലുള്ള അറുപതോളം സ്ത്രീ പുരുഷന്മാർക്ക് സൗജന്യമായി ഇവിടെ പരിചരണം നൽകുന്നു. സ്വന്തമായി യാതൊരു വരുമാനമാർഗ്ഗവും ഇല്ലാത്ത ഈ സ്ഥാപനം അനേകരുടെ സഹായത്താലാണ് നാളിതുവരെ പ്രവർത്തിച്ചു വന്നത്.
എസ് ഡി യുടെ അത്മായ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് ഡെസ്റ്റിറ്റ്യൂട്ട് ഇവിടെയും സജീവമായി പ്രവർത്തിക്കുന്നു . ഇവിടുത്തെ റെസിഡൻ്റ്സ് അസോസിയേഷൻ ഭാരവാഹികൾ ,വിൻസെന്റ് ഡി പോൾ സൊസൈറ്റി അംഗങ്ങൾ ,മുനിസിപ്പൽ കൗൺസിലർ ,മാതൃ-പിതൃവേദി അംഗങ്ങൾ ,അയൽവാസികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്നവർ ഇതിലെ അംഗങ്ങളാണ്.
2025 നവംബർ 15 -ാം തീയതി മൂന്നുമണിക്ക് സെന്റ് വിൻസൻറ് ഹൗസിൽ വെച്ച് ഈ സ്ഥാപനത്തിൻറെ സപ്തതിയും വയോജന ദിനാചരണവും ആഘോഷിക്കുന്നു.പാലാ മീഡിയ അക്കാദമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ
മദർ സുപ്പീരിയർസിസ്റ്റർ അമല അറയ്ക്കൽ എസ് ഡി ,സിസ്റ്റർ മേരി ജയിൻ എസ് ഡി ,സിസ്റർ ആനീസ് വാഴയിൽ എസ് ഡി ,ബിജോയ് മണർകാട്ട്, ജോസ് പാലിയേക്കുന്നേൽ, ജോബ് അഞ്ചേരിയിൽ, ഫിലിപ്പ് വാതക്കാട്ടിൽ, സോജൻ കല്ലറയ്ക്കൽ,ജോസഫ് മറ്റം എന്നിവർ പങ്കെടുത്തു







Comments
Post a Comment