അനുദിന വിശുദ്ധർ, നവംബർ 3 വി. മാര്‍ട്ടിന്‍ ഡി പോറസ്
മനസ്താപത്തിലും, പ്രാര്‍ത്ഥനയിലും, ഉപവാസത്തിലും ദൈവഭക്തിയിലും മുഴുകി ജീവിച്ച വിശുദ്ധ മാര്‍ട്ടിന്‍ ഡി പോറസിന്റെ ഓര്‍മ്മദിവസം സഭ ഇന്ന് ആഘോഷിക്കുകയാണ്. 1579-ല്‍ പെറുവില്‍ സ്പാനിഷ് പ്രഭുവിന്റെയും പനാമയില്‍ നിന്നുള നീഗ്രോ വംശജയായ സ്ത്രീയുടെയും മകനായിട്ട് ജനിച്ച വിശുദ്ധന് അമ്മയുടെ കറുത്തനിറവും പ്രകൃതവുമായിരുന്നതിനാൽ ഉന്നതകുലനായ പിതാവ് വിശുദ്ധനെ വീട്ടില്‍ നിന്നും പുറത്താക്കി.
ഒരു ശസ്ത്രക്രിയാവൈദ്യന്റെ സഹായിയായി ജോലി നോക്കിയ മാര്‍ട്ടിന്‍ അധികം താമസിയാതെ ഡൊമിനിക്കന്‍ സഭയില്‍ അല്‍മായ സഹോദരനായി ചേരുകയും ലിമായിലെ ഒരു സന്യാസ വൈദ്യശാലയില്‍ നടത്തിപ്പുകാരനായി നിയമിതനാവുകയും ചെയ്തു. നഗരത്തിലെ രോഗികളെയും ആഫ്രിക്കയില്‍ നിന്നും പെറുവിലെത്തിച്ച അടിമകളെയും ശുശ്രുഷിക്കുന്നതില്‍ അദ്ദേഹം തല്‍പ്പരനായി. അതിനാലാണ് അദ്ദേഹത്തെ മൃഗങ്ങളെ കൈകളില്‍ പിടിച്ചുകൊണ്ടു നില്‍ക്കുന്നതായി പലപ്പോഴും ചിത്രീകരിച്ചിട്ടുള്ളത്.
പ്രാഥമികമായ പരിശീലനമോ വിദ്യാഭ്യാസമോ ലഭിക്കാത്ത ഇദ്ദേഹത്തോട് അക്കാലത്തെ മതപണ്ഡിതന്മാരായ പലരും ദൈവസംബന്ധമായ കാര്യങ്ങളില്‍ സംശയനിവാരണം വരുത്തുക പതിവായിരുന്നു. ലിമായിലെ വിശുദ്ധ റോസ്, ധന്യനായ ജോണ്‍ മസ്സിയാസ് തുടങ്ങിയവര്‍ ഈ വിശുദ്ധന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. തന്റെ ജീവിതകാലം മുഴുവനും, ഡൊമിനിക്കന്‍ വൈദ്യശാലയില്‍ ക്ഷുരകന്‍, തോട്ടം തൊഴിലാളി, മുഖ്യരോഗീ ശുശ്രുഷകന്‍ തുടങ്ങിയ നിലകളിലാണ് ചിലവഴിച്ചത്.
ഏതെങ്കിലും വിദേശ പ്രേഷിത ദൌത്യത്തില്‍ വെച്ചു രക്തസാക്ഷി മകുടം ചൂടണമെന്ന് അതിയായി ആഗ്രഹിച്ച മാര്‍ട്ടിന്‍ അത് സാധ്യമല്ലാത്തതിനാല്‍ നിരന്തരമായ പ്രായശ്ചിത്വങ്ങളിലൂടെ തന്നെ തന്നെ ദൈവത്തിനു സമര്‍പ്പിച്ചു. അതിനു പ്രതിഫലമായി ദൈവം അദ്ദേഹത്തിന് ശൂന്യതയില്‍ നില്‍ക്കുന്നതിനും വിവിധ സ്ഥലങ്ങളില്‍ ഒരേസമയം കാണപ്പെടുന്നതിനുമുള്ള അത്ഭുതകരമായ കഴിവുകള്‍ പ്രദാനം ചെയ്തു. 1639 നവംബര്‍ 3ന് വിശുദ്ധന്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. 1962 മെയ് 6ന് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.
ഇതര വിശുദ്ധർ
1.സിറിയായിലെ അസെപ്സിമാസ്
2. സ്ത്രാസുബെര്‍ഗ രൂപതയിലെ അക്കെറിക്കും വില്യവും
3. വെയില്‍സിലെ ക്രിസ്റ്റോളൂസ്
4. വീയെനിലെ ഡോംനൂസ്
5. വെയില്‍സിലെ എലേരിയൂസ്

Comments
Post a Comment